ന്യൂഡൽഹി: രാജ്യവ്യാപകമായി ഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഭക്ഷ്യമേഖലയെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിലുള്ളപ്പോൾ, ഈ വിഷയത്തിൽ കോടതിക്ക് ഒരു ‘സൂപ്പർ റെഗുലേറ്റർ’ ആയി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം നിയന്ത്രണ സംവിധാനങ്ങൾ രൂപീകരിക്കുന്നത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് നിർമ്മിക്കപ്പെടുന്നതെന്നും അതിനാൽ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിയായ കെ.എ. പോളാണ് ഹർജി നൽകിയത്. എന്നാൽ, വെറും പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലുള്ള നിയമപരമായ സംവിധാനങ്ങൾ മറികടന്ന് പുതിയ സമിതികൾ രൂപീകരിക്കുന്നത് ഉചിതമല്ലെന്ന നിലപാടോടെയാണ് കോടതി ഹർജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *