കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് സഹായം തേടിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വ്യാപാരി നേതാവിനെതിരെ പരാതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം നാലിന് പുലർച്ചെ കായംകുളത്തുവെച്ചാണ് സംഭവം നടന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉപദ്രവിച്ചു എന്നാണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് പ്രതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും യുവതി വെളിപ്പെടുത്തി. സംഭവദിവസം തന്നെ പരാതി നൽകിയിട്ടും പ്രതിയുടെ ഉന്നത സ്വാധീനം കാരണം പോലീസ് നടപടികൾ വൈകിപ്പിക്കുകയാണെന്ന് യുവതി ആരോപിക്കുന്നു. കേസെടുത്തെങ്കിലും ഇതുവരെ യുവതിയുടെ വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായിട്ടില്ല.
