സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പിരിച്ചുവിടേണ്ടി വരുമെന്നും സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ പോലും സ്ഥിതി മോശമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ യുഡിഎഫിൽ മുഖ്യമന്ത്രിയെ ചൊല്ലി തർക്കം തുടങ്ങിക്കഴിഞ്ഞു. ഇത്തവണ കൂടി അധികാരത്തിൽ വന്നില്ലെങ്കിൽ കോൺഗ്രസ് ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയത്തിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണ്, എന്നാൽ പരാജയഭീതിയിൽ ഓടിയൊളിക്കുന്നത് ശരിയല്ല. ഓടിയൊളിക്കുമെന്ന് പറയുന്നവർക്ക് എങ്ങനെ 100 സീറ്റ് നേടി അധികാരത്തിൽ വരാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് നേതാക്കളുടെ സ്വഭാവം ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു. അതിനാൽ ഭരണത്തുടർച്ച എൽഡിഎഫിനായിരിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു.
