കോവിഡ് മരണത്തിന്റെ മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മാര്‍ഗരേഖ പുതുക്കിയത്.
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു .

നേരത്തെ ഉണ്ടായിരുന്ന മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

അതേസമയം, കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം,അപകട മരണം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാര്‍ഗരേഖ പുതുക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത്.

കോവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *