റോഡുകളിലെ ഗതാഗതകുരുക്ക് ദിനംപ്രതി ഒരു പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും മെട്രോ നഗരങ്ങളിൽ. അപ്രതീക്ഷിതമായ ഇത്തരം ട്രാഫിക്കുകൾ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന ആളുകൾക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി മാറാറുണ്ട്. ബംഗളൂരുവിലെ സർജാപൂരിലാണ് സമാനമായ സംഭവം നടന്നിരിക്കുന്നത്. മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജി സർജനായ ഡോ. ഗോവിന്ദ് നന്ദകുമാറിന് ഒരു ലാപ്രോസ്‌കോപ്പിക് ഗോൽബ്ലാഡർ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് രോഗിക്ക് പിത്താശയത്തിൽഅടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. നിക്ഷിത സമയത്തു തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ, ബംഗളൂരുവിൽ കൃത്യസമയത്ത് യാത്ര ആരംഭിച്ചാലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.

സാധാരണ സർജാപൂരിൽ നിന്ന് മാറത്തഹള്ളിയിൽ എത്താൻ വെറും 10 മിനിറ്റ് മാത്രമേ വേണ്ടി വരാറുള്ളൂ. ഗതാഗതക്കുരുക്ക് (traffic) കാരണം അരമണിക്കൂറിലധികം എടുത്താലും കൃത്യസമയത്ത് എത്താൻ കഴിയുമോ എന്ന് യാതൊരു ഉറപ്പുമില്ല. എന്നാൽ ഡോക്ടറെ അസ്വസ്ഥനാക്കിയത് മറ്റൊന്നുമല്ല, വൈകിയെത്തിയാൽ ശസ്ത്രക്രിയ നടത്തേണ്ട രോഗിയുടെ ജീവൻ അപകടത്തിലാകും എന്നതാണ്. വൈകുമെന്ന് മനസ്സിലാക്കിയ ഡോക്ടർ പിന്നീട് ഒന്നും നോക്കിയില്ല, കാർ അവിടെയിട്ട് ആശുപത്രിയിലേക്ക് ഓടാൻ തുടങ്ങി. മൂന്ന് കിലോമീറ്റർ ദൂരമാണ് അദ്ദേഹം ഓടിയത്.

” 10 മിനിറ്റ് കൊണ്ട് ആശുപത്രിയിൽ എത്താവുന്നതേ ഉള്ളൂ. എന്നാൽ ഞാൻ ട്രാഫിക്കിൽ പെട്ടു. വൈകിയപ്പോൾ ആകെ പരിഭ്രാന്തനായി. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ഇനിയും 45 മിനിറ്റ് കൂടി എടുക്കുമെന്നാണ് കാണിച്ചത്, ” ദി ന്യൂ ഇന്ത്യൻ എക്‌സപ്രസ് റിപ്പോർട്ട് ചെയ്തു. ഡ്രൈവർ കൂടെയുള്ളതുകൊണ്ട് കാർ അദ്ദേഹത്തെ ഏൽപ്പിച്ച് ഇറങ്ങി ഓടി. ജിമ്മിൽ പോകുന്നതു കൊണ്ട് ഓടാൻ എളുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ഗോവിന്ദ് നന്ദകുമാർ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ട്രാഫിക്കിൽ പെടുന്നത് ഇത് ആദ്യമായല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

”ബംഗളൂരുവിലെ മറ്റ് സ്ഥലങ്ങളിലും ട്രാഫിക്കിൽ പെട്ട്‌ ഇത്തരത്തിൽ നടന്നു പോകേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ റെയിൽവേ പാളം മുറിച്ചുകടന്നും പോകേണ്ടി വന്നിട്ടുണ്ട്. ഒരു രോഗിയെ പരിചരിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഞങ്ങളുടെ ആശുപത്രിയിൽ ഉള്ളതിനാൽ എനിക്ക് ഉത്കണ്ഠ ഒന്നും തന്നെ ഉണ്ടായില്ല. എന്നാൽ ചെറിയ ആശുപത്രികളിലെ സ്ഥിതി അങ്ങനെ ആയിരിക്കില്ല,” അദ്ദേഹം പറഞ്ഞു.

ഏറെ നാളായി പിത്താശയത്തിൽ ബുദ്ധിമുട്ട് നേരിടുന്ന ഒരു മധ്യ വയസ്‌കയുടെ ശസ്ത്രക്രിയായിരുന്നു അത്. ഓഗസ്റ്റ് 30ന് രാവിലെ കൃത്യം 10 മണിക്കായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ശസ്ത്രക്രിയ വൈകിയാൽ രോഗിയുടെ അടിവയറ്റിലെ വേദന കൂടും. ഡോക്ടർ ആശുപത്രിയിൽ എത്തിയ സമയത്ത് തന്നെ ശസ്ത്രക്രിയാ ടീമിലെ മറ്റ് ഡോക്ടർമാർ രോഗിക്ക് അനസ്‌ത്യേഷ്യ നൽകിയിരുന്നു. ഒട്ടും താമസിയാതെ ഡോക്ടർ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *