ഭീകരര്‍ക്ക് തിരിച്ചടി നല്‍കി സൈന്യം. ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ വധിച്ചു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് ലക്ഷ്‌കര്‍ ഭീകരരെ വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഷോപ്പിയാനിലെ ഖെരിപോരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് ലഭിക്കുന്ന വിവരം.കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ മുക്താര്‍ ഷാ മാസങ്ങള്‍ക്കുമുന്‍പ് ബീഹാറിലെ ഒരു തെരുവില്‍ കച്ചവടം നടത്തുന്ന വീരേന്ദ്ര പസ്വാന്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് കൊടും ഭീകരരെയാണ് സൈന്യം വധിച്ചത്. മലയാളിയടക്കം അഞ്ച് സൈനികര്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചിരുന്നു. രണ്ട് സൈനികര്‍ക്കും പരിക്കേറ്റു. കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ ശില്പാലയത്തില്‍ ഹരി കുമാറിന്റെയും ബീനയുടെയും മകന്‍ വൈശാഖ് (25) ആണ് വീരമൃത്യു വരിച്ച മലയാളി.

പൂഞ്ച് ജില്ലയില്‍പ്പെട്ട സുരന്‍കോട്ട് ഡി.കെ.ജി (ദേരാ കി ഗലി) വന മേഖലയില്‍ ആയുധധാരികളായ അഞ്ച് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് അഞ്ചു പേരും വീരമൃത്യു വരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *