പാർട്ടിയിലെ മുതിർന്ന നേതാവ് സി സദാനന്ദൻ എംപി മന്ത്രിയാകണമെന്നാണ് പ്രാർത്ഥനയെന്ന് സുരേഷ് ഗോപി പറഞ്ഞു. സി സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ മന്ത്രിയായ അദ്ദേഹത്തെ കസേരയിലേക്ക് പിടിച്ചിരുത്താൻ തനിക്കു കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. സി സദാനന്ദൻ എംപിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അദ്ദേഹത്തിന്റെ എംപി ഓഫീസ് തുറന്നു, അദ്ദേഹത്തെ എംപിയുടെ കസേരയിൽപിടിച്ച് ഇരുത്തുമ്പോഴും ഞാൻ പ്രാർത്ഥിച്ചത് ഏറെ വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫീസായി മാറട്ടെ എന്നാണ്. ഒരു മന്ത്രിയെ ആ കസേരയിലേക്ക് പിടിച്ചിരുത്താൻ ഞാൻ എത്തണേ എന്നാണ് പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താകാം എന്നെ മന്ത്രിയാക്കിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഞാൻ ആത്മാർത്ഥമായിട്ടാണ് പറയുന്നത്. എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാൽ അത് കേരളത്തിൽ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്നാണ് എൻ്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
