സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിൻ്റെ ഭാഗമായി ഇന്ന് (ഞായറാഴ്ച) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.
അതേസമയം നാളെ (തിങ്കളാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഇടിമിന്നൽ മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രത കൈവിടരുത് എന്നും മുന്നറിയിപ്പ് നൽകി.
