രമേശ് ചെന്നിത്തലയുടെ വിവാദ പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തക വിതരണത്തെ പരിഹസിക്കുന്നത് നാടിനെ ആകെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടം സെന്റ് മേരീസ് സ്കൂളിൽ നടന്ന പാഠപുസ്തക വിതരണോദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പണ്ട് എഴുത്തോലയിൽ എഴുതി പഠിച്ച കാലത്തെക്കുറിച്ച് ചെന്നിത്തല പരാമർശിച്ചതിനെ മുഖ്യമന്ത്രി കടന്നാക്രമിച്ചു. “എഴുത്തോലയിൽ എഴുതി പഠിച്ച കാലത്ത് ഈ നാട്ടിൽ അക്ഷരം നിഷേധിക്കപ്പെട്ട ഒട്ടേറെ പേരുണ്ടായിരുന്നു. അവിടെനിന്നും നമ്മുടെ നാട് മാറി. ആ മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്തത് ഖേദകരമാണ്. പത്ത് വർഷം മുൻപുള്ള വിദ്യാഭ്യാസ മേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് നേതൃത്വം നൽകിയ ഉത്തരവാദപ്പെട്ട ഒരു മനുഷ്യൻ തന്നെ ഇപ്പോൾ പാഠപുസ്തക വിതരണത്തെ പരിഹസിക്കുന്നത് അത്ഭുതകരമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

പുസ്തകങ്ങൾ നേരത്തെ ലഭിക്കുന്നത് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സന്തോഷമാണ് നൽകുന്നത്. കേരളത്തിലെ കുടുംബങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ്. ചെന്നിത്തലയുടെ പരിഹാസം ഈ കുടുംബങ്ങളെയും കുട്ടികളെയുമാണ് വേദനിപ്പിക്കുന്നത്. ഇത്തരം വിമർശനങ്ങൾ കണ്ട് സർക്കാർ പരിപാടികൾ വൈകിപ്പിക്കില്ലെന്നും, ഈ അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ എല്ലാ കുട്ടികളുടെയും കൈകളിൽ പുസ്തകങ്ങൾ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *