പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേല്‍വിലാസം. സേവാ തീര്‍ത്ഥ് എന്ന പുതിയ ഓഫീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതിയ ആസ്ഥാനത്തെ ആദ്യ ദിനത്തില്‍ ജനക്ഷേമകരമായ നാല് സുപ്രധാന തീരുമാനങ്ങളില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. കൊളോണിയല്‍ പൈതൃകം ഇല്ലാതാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് മറുപടി.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്സീന ഹില്ലിന് സമീപത്താണ് പുതിയ ഓഫിസ്. സൗത്ത് ബ്ലോക്കില്‍ നടന്ന അവസാന കേന്ദ്ര മന്ത്രിസഭായോഗത്തിന് പിന്നാലെ പുതിയ ഓഫീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വാഹന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഉടനടി 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന പി എം. റാഹത് പദ്ധതിക്ക് പുതിയ ഓഫീസിലെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി അനുമതി നല്കി.കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഒരു ലക്ഷം കോടിയില്‍ നിന്നും രണ്ട് ലക്ഷം കോടിയായി ഉയര്‍ത്തി. സേവാ തീര്‍ത്ഥിന് പുറമെ വിവിധ മന്ത്രാലയങ്ങള്‍ക്കായി സജ്ജമാക്കിയ കര്‍ത്തവ്യ ഭവന് ഒന്ന്, രണ്ട് എന്നീ ബ്ലോക്കുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
