ഇന്ത്യയിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ബന്ധുക്കളെ അറിയിച്ച് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന തമിഴ്നാട് സ്വദേശി സായ് നികേഷ്. കോയമ്പത്തൂർ ഗൗണ്ടംപാളയം സ്വദേശി ആയിരുന്ന സായ് നികേഷ് വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇൻറർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിലായിരുന്നു ചേർന്നത്.കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല.

വാർ വീഡിയോ ഗെയിമുകളിൽ അതീവ തൽപ്പരനായ സായി നികേഷ് ഒരു മാസം മുമ്പ് അവധിക്ക് വന്നപ്പോൾ തന്നെ യുക്രൈൻ സൈന്യത്തിൽ ചേരുമെന്ന് അമ്മയെ അറിയിച്ചിരുന്നു. പിന്നീട് ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ ചേർന്നു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം സായി നികേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം സായ് നികേഷ്, ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചുവെന്നാണ് വിവരം. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്‌നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സായ്‌നികേഷിനെ ബന്ധപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *