തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ മാതാവ് അശ്വതിയെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് അശ്വതി സമ്മതിച്ചതായാണ് വിവരം.
അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. കുട്ടി തറയിൽ പായയിൽ കിടക്കുന്നത് കണ്ട് വിളിച്ചുണർത്താൻ ശ്രമിച്ച മുത്തശ്ശിയോട് “ഞാൻ കുഞ്ഞിനെ കൊന്നു” എന്ന് അശ്വതി വിളിച്ചു പറയുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ശരീരത്തിലും കഴുത്തിലും പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ടാമത്തെ പ്രസവത്തിന് ശേഷം അശ്വതി ചെറിയ തോതിലുള്ള മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കുഞ്ഞിനോട് അശ്വതിക്ക് താൽപ്പര്യമില്ലാത്ത രീതിയിലുള്ള പെരുമാറ്റം നേരത്തെയും ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വരെ ഭർത്താവിന്റെ വീട്ടിലായിരുന്ന അശ്വതി, അവർ ക്ഷേത്രദർശനത്തിന് പോയതിനാലാണ് സ്വന്തം വീട്ടിലെത്തിയത്. ഭർതൃഗൃഹത്തിലേക്ക് തിരികെ പോകാനിരിക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്.
