അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോകം മുഴുവൻ ആശങ്കയിലാണ്. സംഘർഷം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇറാനിലെ ‘യുദ്ധം വളരെ നന്നായി പോകുന്നു’വെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസ് പരിപാടിക്കിടെ ആയിരുന്നു ട്രംപിന്റെ പരാമർശം.
ഇതിനിടെ ഇറാനിൽ കരസേനയുടെ ‘ആവശ്യമില്ലെ’ന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞതും വിവാദമായി. പരുഷമായ വിദേശനയ വീക്ഷണങ്ങൾക്ക് പേരുകേട്ടയാളാണ് ഗ്രഹാം. യുഎസ് സൈനികരെ ഇറാനിലേക്ക് വിന്യസിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ ലിൻഡ്സെ ഗ്രഹാം യുദ്ധം ആഴ്ചകളോളം തുടരുമെന്നും വാഷിംഗ്ടൺ ഡിസിയിൽ മാധ്യമപ്രവർത്തകരോട് അഭിപ്രായപ്പെട്ടു.
ഇറാന് തങ്ങളെ ആക്രമിക്കാനായി മിസൈലുകൾ നിർമ്മിക്കാനുള്ള കഴിവില്ലെന്നും അവർ ഒരിക്കലും ആണവ ബിസിനസിലേക്ക് മടങ്ങില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ദൗത്യമെന്നും യുഎസ് സെനറ്റർ കൂട്ടിച്ചേർത്തു.
അതേസമയം കൊല്ലപ്പെട്ട അലി ഖമേനിയ്ക്ക് പകരക്കാരനായി മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ പ്രസ്താവന പുറത്തുവന്നു. മേഖലയിലെ യുഎസ് സേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന താവളങ്ങൾ അടച്ചുപൂട്ടണമെന്നും അല്ലെങ്കിൽ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ പുതിയ ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഇസ്രയേൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതോടെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ സൈന്യം പുതിയ ആക്രമണത്തിന് ഒരുങ്ങുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്.
