കേരളത്തിൽ ചൂട് കടുക്കുന്നു. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ താപനില 37°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ താപനില 36°C വരെ ഉയർന്നേക്കാം. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം കാരണം മലയോര മേഖലകളൊഴികെ മറ്റ് ഇടങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും സാധ്യതയുണ്ട്.
ചൂടിന് പുറമെ സംസ്ഥാനത്തിന്റെ തെക്കൻ തീരങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തെത്തുടർന്നുള്ള കടലാക്രമണ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിലും കന്യാകുമാരി തീരത്തും നാളെ ഉച്ചമുതൽ മാർച്ച് 16 രാത്രി വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
