കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. മെയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സീന് വിതരണം ചെയ്യുക. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്നാണ് സ്പുട്നിക് 5 വാക്സീന് അനുമതി നല്‍കിയത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക്. ഈ വാക്സീന് ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ് ഇതുവരെ ഇന്ത്യയില്‍ സ്പുട്നിക് പരീക്ഷണം നടത്തിയത്. 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സീന് നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് നടപടി.
റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്നിക് 5 വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഡോ റെഡ്ഡീസ് ലാബോറട്ടറീസാണ് നിര്‍മ്മിക്കുന്നത്.എന്നാല്‍ റഷ്യയില്‍ നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്സീന് ഇന്ത്യ ഇറക്കുമതി ചെയ്യുക. 19,886 പേരില്‍ ഇതുവരെ പരീക്ഷിച്ച വാക്സീന് 91.6 ശതമാനമാണ് ഫലപ്രാപ്തി.
