കൊല്ലം കടയ്ക്കലില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. വിവരം ഫോണ്‍ സന്ദേശത്തിലൂടെ അറിഞ്ഞതോടെ യുവതി ഓടിച്ച കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ തയാറാകാതിരുന്നതോടെ നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂർ.

കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങുകയായിരുന്ന നാൽപതുകാരിക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു.

കാറിൽ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവർ തയാറായില്ല.

സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നൽകി യുവതിയെ വഴിയരികിൽ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി.വീട്ടിലാക്കിയാല്‍ മതിയെന്ന് യുവതി പറഞ്ഞെങ്കിലും സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളും ഇവരെ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് കടയ്ക്കല്‍ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സിനെ വിളിച്ചു വരുത്തിയെങ്കിലും ഇവരും പിന്മാറുകയായിരുന്നു. തുടര്‍ന്ന് ബന്ധുവായ യുവതിയെത്തി സ്വാകാര്യ വാഹനത്തില്‍ ഇവരെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *