കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ട വിചാരണ തടവുകാരനെ മുംബൈയിൽ നിന്ന് പൊലീസ് പിടികൂടി. മഞ്ചേരി നറുകര മുണ്ടുപറമ്പ് സ്വദേശിയായ വിനീഷ് (26) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡിസിപി പദംസിംഗ് ഐപിഎസ് ൻ്റെകീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് എസിപി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.
2021ലെ പ്രമാദമായ പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസിൽ പ്രതിയായ വിനീഷ് സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പലതവണ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഡിസംബർ 29നാണ് ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടത്. മുമ്പും സമാനമായി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരുടെ സഹായത്തോടെ മംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു.
ദൃശ്യയുടെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയതിനാൽ കുടുംബം ആശങ്കയിൽ ആയിരുന്നു. ഇതിനെ തുടർന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി ഡി ഐ ജി ടി. നാരായണൻ Iഐപിഎസ് ന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണസംഘം രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി വ്യാപകമായി അന്വേഷണം നടത്തി.
മൊബൈൽ ഫോൺ ഉപയോഗിക്കാതെയും നാട്ടുകാരുമായി ബന്ധപ്പെടാതെയും ഒളിവിൽ കഴിഞ്ഞ വിനീഷിനെ മഹാരാഷ്ട്രയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നാസിക്, നാഗ്പൂർ, കല്യാൻ എന്നിവിടങ്ങളിൽ തിരച്ചിൽ ശക്തമാക്കി. നൂറുകണക്കിന് സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച സൂചനകളാണ് കേസിൽ നിർണായകമായത്. തുടർന്ന് ആഴ്ചകളോളം സ്ഥലത്ത് തങ്ങി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുംബൈയിൽ നിന്ന് ഇയാളെ പിടികൂടിയത്.
അതിബുദ്ധിമാനായ നീക്കം
സുരക്ഷ ശക്തമായ ജയിലിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറാനാണ് ശ്രമിച്ചതെന്ന് പൊലീസ് വിലയിരുത്തുന്നു. മാനസിക രോഗിയായി നടിച്ച് ആശുപത്രിയിലേക്ക് മാറ്റം ഉറപ്പാക്കിയതായും സംശയമുണ്ട്.
ജയിൽചാട്ടം
ഇരുമ്പുകമ്പി ഉപയോഗിച്ച് ദിവസങ്ങളെടുത്ത് ശുചിമുറി ചുമർ തുരന്ന് രക്ഷപ്പെട്ട ഇയാൾ വസ്ത്രം മാറി ഓട്ടോയിൽ കയറി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് മംഗളൂരു വഴിയായി വിവിധ സംസ്ഥാനങ്ങളിൽ ആക്രി പെറുക്കിയും ചെറിയ ജോലികൾ ചെയ്തും ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസം മുംബൈ തുറമുഖത്ത് മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തുവെന്നുമാണ് വിവരം.
അന്വേഷണ മികവ് ശ്രദ്ധേയമായി
ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരമ്പരാഗത അന്വേഷണരീതികളാണ് പൊലീസ് സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഇൻഫോർമർമാരുടെ സഹായം പ്രയോജനപ്പെടുത്തുകയും ചെയ്ത അന്വേഷണസംഘത്തിന്റെ മികവാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പക്ടർ ഒ.മോഹൻദാസ് ,സിനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത് പടിയാത്ത്, മെഡിക്കൽ കോളേജ് എസ് ഐ എം സി പവനൻ എന്നിവർ ചേർന്ന്നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ ബോംബെയിൽ നിന്ന്പ്രതിയെ പിടികൂടിയത്
