അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥികൾ. ഡോ റാമിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തു വന്നിരിക്കുന്നത്. തങ്ങളെ മാനസികമായും ശാരീരികവുമായി ഉപദ്രവിക്കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡോ റാം വിദ്യാർത്ഥികളെ ബോഡി ഷെയിമിങ്ങ് ചെയ്യാറുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കും വരെ ക്ലാസ് ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഡോക്ടർ റാമിനെതിരെ മുമ്പും പരാതികളുണ്ടെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. മുടിയും താടിയും നീട്ടി വളർത്തിയാൽ ശരീരികമായി ഉപദ്രവിക്കും. വിദ്യാർഥികളുടെ നിറം നോക്കിയും രക്ഷിതാക്കളുടെ സാമ്പത്തികശേഷി നോക്കിയും ആണ് ഡോ. റാം വിദ്യാർഥികളോട് പെരുമാറുന്നതെന്നും കുട്ടികൾ പറഞ്ഞു. കോളേജിലെ അവസാന വർഷ വിദ്യാർഥികളാണ് ഡോ. റാമിനെതിരെ രംഗത്തെത്തിയത്.
“കോളേജിൽ പലരും ഡോ. റാമിനെതിരെ പരാതി പറഞ്ഞിരുന്നു. നിറം പറഞ്ഞ് അഭമാനിച്ചിരുന്നു. ബോഡിങ് ഷേമിങ് ഉണ്ടായിട്ടുണ്ട്. വിദ്യാർഥികളുടെ പേര് അറിയാത്തത് കൊണ്ടാണ് ഡാർക്കെന്നും ഫാറ്റിയെന്നും ലീൻ എന്നും വിളിക്കുന്നത്. പിന്നെ എങ്ങനെയാണ് നിന്നെയൊക്കെ വിളിക്കേണ്ടത് എന്ന് ചോദിക്കും. മീറ്റിങ്ങിന് രക്ഷിതാക്കൾ വന്നാൽ പോലും മോശമായാണ് പെരുമാറുന്നത്. രക്ഷിതാക്കളുടെ സ്റ്റാറ്റസ് അനുസരിച്ചാണ് അവരോട് സംസാരിക്കുക. അച്ഛന് എന്താണ് ജോലിയെന്നും എത്ര ശമ്പളം കിട്ടുമെന്നും ചോദിക്കാറുണ്ട്. നിതിൻ രാജിനെ ജാതി അധിക്ഷേപം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ആ കുട്ടി ഫസ്റ്റ് ഇയറാണ്. എന്നാൽ പറഞ്ഞത് സത്യമാണെന്ന് വിശ്വാസമുണ്ട്. ഞങ്ങൾ അത് അനുഭവിച്ചിട്ടുണ്ട്. ഞങ്ങൾക്കെതിരെ പറഞ്ഞതിൽ പരാതിയും നൽകിയിട്ടുണ്ട്. ഡോ. റാം വിളിച്ച വാക്കുകൾ അടക്കം എഴുതിയാണ് ഡീനിന് പരാതി നൽകിയത്”, ഫൈനൽ ഇയർ വിദ്യാർഥികളുടെ വാക്കുകൾ.
നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ വിവിധ വിദ്യാർഥി സംഘടനകളും ജനാധിപത്യമഹിളാ അസോസിയേഷനും മാർച്ച് നടത്തി. മരണത്തിൽ പൊലീസ് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. നിതിൻ ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണി നേരിട്ടിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിതിനും കോളേജിലെ അധ്യാപികയ്ക്കും ഓൺലൈൻ ആപ്പ് ഭീഷണി സന്ദേശം അയച്ചിരുന്നു. അധ്യാപികയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ് ചെയ്തിട്ടുണ്ട്.
