ജോലിക്ക് പകരം ഭൂമി കേസിൽ ലാലു പ്രസാദ് യാദവവിനു തിരിച്ചടി. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ, ഈ കേസിലെ വിചാരണയ്ക്കിടെ സെക്ഷൻ 17എ (അഴിമതി നിരോധന നിയമം) സംബന്ധിച്ച നിയമപരമായ തർക്കങ്ങൾ ഉന്നയിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.
കൂടാതെ, വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അദ്ദേഹത്തിന് കോടതി ഇളവ് നൽകി. ഇതിനു മുൻപ് മാർച്ചിൽ, സിബിഐ എഫ്‌ഐആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ലാലുവിന്റെ ഹർജി ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.
ഹർജിക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി. 2004നും 2009നും ഇടയിൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, റെയിൽവേയിൽ ഗ്രൂപ്പ് ഡി നിയമനങ്ങൾ ലഭിക്കുന്നതിന് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്ന് അവരുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി കൈക്കൂലിയായി വാങ്ങി എന്നതാണ് കേസ്. ഈ അഴിമതിയിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ കുറ്റപത്രത്തിൽ ആരോപിക്കുന്നു.
