അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു – ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറ് വശത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം.
പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിജുവിനെ മാസങ്ങൾക്ക് മുൻപാണ് കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയത്. എന്നാൽ ഉത്തരവ് ലംഘിച്ച് ഇയാൾ എങ്ങനെ നാട്ടിൽ തിരിച്ചെത്തി എന്ന കാര്യത്തിൽ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. പറവൂരിലെ ബാറിൽ നടന്ന അടിപിടി കേസ് ഉൾപ്പെടെ ഒട്ടേറെ സംഘർഷങ്ങളിൽ ഇയാൾ പ്രതിയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. ജിൻസിയാണ് പരേതന്റെ ഏക സഹോദരി. ഉത്തരവ് ലംഘിച്ച് സിജു നാട്ടിലെത്തിയതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പുന്നപ്ര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
