കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളിലും ആന്ധ്രപ്രദേശിലും സംഘര്‍ഷം. ബംഗാളില്‍ ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളിലാണ് സി.പി.എം -തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പോന്തുരു മണ്ഡലത്തിന് കീഴിലുള്ള ഗോകര്‍ണപള്ളിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ ആകെയുള്ള 175 നിയമസഭ സീറ്റുകളിലേക്കും ഒഡിഷയിലെ 28 നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. തെലങ്കാന- 17, ആന്ധ്രാപ്രദേശ് -25, ഉത്തര്‍പ്രദേശ്- 13, ബിഹാര്‍ – അഞ്ച്, ഝാര്‍ഖണ്ഡ് – നാല്, മധ്യപ്രദേശ് – എട്ട്, മഹാരാഷ്ട്ര- 11, ഒഡിഷ – നാല്, പശ്ചിമ ബംഗാള്‍-എട്ട്, ജമ്മുകശ്മീര്‍ -ഒന്ന് എന്നിങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 370 ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ജമ്മു-കശ്മീരില്‍ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. കശ്മീര്‍ ലോക്സഭ സീറ്റിലേക്കാണ് വോട്ടെടുപ്പ്.