റിയാദ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദിയില്‍. റിയാദില്‍ സൗദി കിരിടാവകാശി നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഗസ്സയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യാനും പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് ട്രംപ് എത്തിയത്. ബുധനാഴ്ച ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടിയില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കും. നെതന്യാഹുവുമായുള്ള ഭിന്നതകള്‍ക്കിടെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഗസ്സയിലെ വെടിനിര്‍ത്തലും തുടര്‍ഭരണവും സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ട്രംപിന്റെ സൗദി സന്ദര്‍ശനത്തിലുണ്ടാകും. ഇറാന്‍, സിറിയ വിഷയങ്ങളിലെ നിലപാടും സൗദിയുമായുള്ള വന്‍കിട ആയുധ ഇടപാടുകളും ട്രംപ് പ്രഖ്യാപിച്ചേക്കും.

ഇന്ന് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് മറ്റന്നാള്‍ നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയിലും പങ്കെടുക്കും. ഫലസ്തീന്‍ പ്രസിഡന്റും ഇതിനായി റിയാദിലെത്തുന്നുണ്ട്. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസുമായുള്ള ചര്‍ച്ചക്ക് പിന്നാലെ അവശേഷിക്കുന്ന ഏക യുഎസ് ബന്ദിയെ വിട്ടയക്കാന്‍ ഹമാസ് തീരുമാനിച്ചിരുന്നു. ഇതിനാല്‍ ഫലസ്തീന്റെ തുടര്‍ഭരണവും ഗസ്സയിലെ വെടിനിര്‍ത്തലും സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *