നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇ.ഡിക്ക് മുന്നില്‍ ഹാജരാകും.രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുമ്പിലെത്തുക. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി മുൻ അധ്യക്ഷനൊപ്പം കോൺഗ്രസ് നേതാക്കളും ഇ ഡ‍ി ഓഫീസ് വരെ അണിനിരക്കാനാണ് തീരുമാനിച്ചിരുന്നത്. എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. റാലിക്ക് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദില്ലി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ജനങ്ങളുടെ മുന്നില്‍ മോശമാക്കാനും പാര്‍ട്ടിയെ മോശമാക്കാനും വേണ്ടിയുള്ള ആസൂത്രിതമായ കെട്ടുകഥയാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് കെ പ്രതികരിച്ചു.നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇ.ഡിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഹാജരാകുമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

‘കേസ് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനെന്നത് വ്യക്തമായിട്ടുള്ള കാര്യമാണ്. 2015ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ കേസ് ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ്. ഒന്നും അതിനകത്ത് ഇല്ല,’ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *