തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 3,20,042 പേര്‍. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ജൂലൈ 23 മുതല്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ഓഗസ്റ്റ് 12 വരെയാണ് ഇത്രയും പേര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്. കരട് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്താന്‍ 1,014 പേരും ഒരു വാര്‍ഡില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റത്തിന് 16,646 പേരും വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ 63,361 പേരുമാണ് അപേക്ഷ നല്‍കിയത്. പ്രവാസി അപേക്ഷകര്‍ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 3,210 പേരാണ് ജില്ലയില്‍ അപേക്ഷകരായുള്ളത്. രണ്ടാമതുള്ള കണ്ണൂരില്‍ 656 അപേക്ഷകരാണുള്ളത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓഗസ്റ്റ് 7 വരെയാണ് ആദ്യം സമയം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 12 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് 29,81,310 പേരാണ് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് -4,14,953 പേര്‍. 3,16,437 അപേക്ഷകരുള്ള തൃശൂര്‍ ജില്ലയാണ് മൂന്നാമത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകര്‍ -75,244.
2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കായിരുന്നു പേര് ചേര്‍ക്കാന്‍ അവസരം. ഇതോടൊപ്പം പട്ടികയിലെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും അവസരമൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *