കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി ഗോവ സര്‍ക്കാര്‍. കേരളത്തിൽ നിന്ന് എത്തുന്ന ഗോവയിലെ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റൈന്‍ നിര്‍ദേശിച്ചു. നോര്‍ത്ത്, സൗത്ത് ഗോവകളുടെ ജില്ലാ ഭരണകൂടങ്ങളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ കർഫ്യൂ സെപ്റ്റംബർ 20 വരെ സർക്കാർ നീട്ടിയിട്ടുണ്ട് . തീരപ്രദേശത്ത് കാസിനോകളുടെ അടക്കം പ്രവർത്തനങ്ങൾക്കും നിരോധനം നീട്ടി.
‘കേരളത്തിൽനിന്ന് വരുന്ന എല്ലാ വിദ്യാർഥികൾക്കും ജീവനക്കാർക്കും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ നിർബന്ധം’ – വിദ്യാർഥികൾക്ക് ക്വാറന്‍റീൻ സൗകര്യങ്ങൾ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാരോ പ്രിൻസിപ്പൽമാരോ ഏർപ്പെടുത്തണമെന്നും വിജ്ഞാപനത്തിൽ പറയുന്നു .
അതെ സമയം ജീവനക്കാർക്ക് ബന്ധപ്പെട്ട ഓഫിസ് അധികൃതരോ കമ്പനികളോ സ്ഥാപനങ്ങളോ ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്തണമെന്നും അഞ്ചുദിവസത്തെ ക്വാറന്‍റീന് ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു .
വിദ്യാർഥികളും ജീവനക്കാരും കൂടാതെ കേരളത്തിൽ നിന്നെത്തുന്നവർ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ അഞ്ചുദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയുകയും വേണം. എന്നാൽ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഗോവയിലെത്തുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ക്വാറന്‍റീനിൽ ഇളവ് ലഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
