ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ലോകകപ്പ് ജേഴ്സി പുറത്തിറങ്ങി. ‘Billion Cheers Jersey’ എന്നാണ് പുതിയ ജേഴ്സിക്ക് നല്‍കിയിരിക്കുന്ന പേര്. ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.
ബുധനാഴ്ച ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ 1992-ലെ ഇന്ത്യന്‍ ടീം അണിഞ്ഞ ജേഴ്സിയോട് സാദൃശ്യമുള്ള ജേഴ്സിയാണ് നിലവില്‍ ഇന്ത്യന്‍ ടീം ഉപയോഗിച്ചിരുന്നത്.
ഒക്ടോബര്‍ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ ഈ പുതിയ ജേഴ്സി ധരിച്ച് കളിക്കാനിറങ്ങും.
