വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റമാണ് ഇക്കാലയളവില്‍ നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷന്‍ 2031 ന്റെ ഭാഗമായി നടക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച എന്നത് സ്വയംഭൂവായി ഉണ്ടായതല്ല. ഒരുകാലത്ത് കേരളത്തിലെ മഹാഭൂരിപക്ഷം വലിയതോതില്‍ അക്ഷരജ്ഞാനം ഇല്ലാത്തവരായിരുന്നു. അക്ഷരവിദ്യാഭ്യാസം ജനങ്ങള്‍ക്ക് നിഷിദ്ധമായ ഒരു കാലഘട്ടം തന്നെയുണ്ടായിരുന്നു. അങ്ങനെയുള്ള സമൂഹത്തെ മറ്റിയെടുക്കുന്നത്തില്‍ ബോധപൂര്‍വ്വമായ ഇടപെടലുകളാണ് ഉണ്ടായത്. അതില്‍ നവോത്ഥാന പ്രസ്ഥാനവും നവോത്ഥാന നായകന്മാരും വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ പേര് പ്രത്യേകം പരാമര്‍ശിക്കണം, വിദ്യാലയങ്ങള്‍ ആണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മഹാത്മാ അയ്യന്‍കാളിയും താഴേക്കടയില്‍ ഉള്ളവരുടെ വിദ്യാഭ്യാസത്തില്‍ വലിയ പങ്ക് വഹിച്ചു. ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ആണ് കേരളത്തില്‍ ഇന്ന് കാണുന്ന വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് അടിതറയിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കുട്ടികള്‍ എല്ലാവരും സ്‌കൂളില്‍ പോകുന്നവരും വിദ്യാഭ്യാസം നേടുന്നവരുമായി മാറി. മുതിര്‍ന്നവരുടെ വിദ്യാഭ്യാസാത്തിനായി സാക്ഷരതാ മിഷന്‍ ആരംഭിച്ചു. കേരളീയ സമൂഹമാകെ സാക്ഷരത നേടുന്ന അവസ്ഥയിലേക്ക് എത്തി.

ഒരു ഘട്ടത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകം ലഭ്യമായിരുന്നില്ല. അധ്യാപകന്‍ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി. പൊതുവിദ്യാലയങ്ങളില്‍ നിന്ന് വന്‍തോതില്‍ കുട്ടികള്‍ കൊഴിഞ്ഞു പോയി. 5 ലക്ഷം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോയെന്നാണ് കണക്ക്. വിദ്യാഭ്യാസ മേഖല ഇല്ലാതാകാന്‍ പോകുമെന്നുള്ള ഭീതിയും ആശങ്കയും ഉയര്‍ന്നു. എന്നാല്‍ ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ നമ്മള്‍ നല്ല മികവ് നേടി .അതേസമയം മികവിന് കൂടെ ദൗര്‍ബല്യം ഉണ്ടെങ്കില്‍ അത് നാം കാണാതിരിക്കരുത്. ദൗര്‍ബല്യം ഉള്ളത് കണ്ടെത്തി ഇടപെടല്‍ ഉണ്ടാവണം. ദൗര്‍ബല്യങ്ങള്‍ ഇല്ലാതെ നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കണം.

2016 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രാധാന്യം നല്‍കിയ ഒന്ന് പൊതുവിദ്യാഭ്യാസ മേഖലയാണ്. വലിയ മാറ്റങ്ങളാണ് തുടര്‍ന്നുണ്ടായത്. ഇനിയും മാറ്റം ഉണ്ടാകാന്‍ എന്തെല്ലാം ചെയ്യുണമെന്ന് ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *