തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിൽ.മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ തമ്പാരത്തും വേലച്ചേരിയിലും വെള്ളം കയറി. തേനി, ഡിണ്ഡിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രളയജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തേനിയിലെ വൈഗ ഡാമില്‍ നിന്ന് 4.230 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി.ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളിലും ശനിയാഴ്ച പരക്കെ മഴയുണ്ടായി. ചെന്നൈയിലും ഇടിയോടു കൂടിയുളള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
അടുത്ത ഏതാനും ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചീപുരം, തിരുവാലൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ മഴക്കെടുതി മൂലം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ട നിലയിലാണ്. തുടര്‍ച്ചയായ 12 മണിക്കൂര്‍ മഴ പെയ്തതോടെ ചെന്നൈയിലെ ഹൈവേകളിലും വെള്ളക്കെട്ടു മൂലം ഗതാഗതം സ്തംഭിച്ചു.