ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പര ആർക്കെന്ന് ഇന്നറിയാം. പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ സമയം രാത്രി 8.30 മുതല്‍ സെഞ്ചൂറിയനില്‍ നടക്കും. ആദ്യമത്സരത്തില്‍ 61 റണ്‍സിന്റെ ആധികാരികജയത്തോടെ മേല്‍ക്കൈ നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ മൂന്നുവിക്കറ്റിന് തോറ്റതോടെ പരമ്പര തുല്യശക്തികളുടെ പോരാട്ടമായിമാറിക്കഴിഞ്ഞു. ആദ്യമത്സരത്തില്‍ ഇന്ത്യ ജയിച്ചത് ബാറ്റിങ് കരുത്തിലായിരുന്നെങ്കില് രണ്ടാംമത്സരത്തില്‍ തോറ്റതും ബാറ്റിങ്ങിലെ പോരായ്മകൊണ്ടാണ്.
ആദ്യമത്സരത്തില്‍ സെഞ്ചുറിനേടിയ മലയാളി ഓപ്പണര്‍ സഞ്ജു സാംസണ് അടുത്തമത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായിരുന്നു.
കഴിഞ്ഞസീസണില്‍ ഐ.പി.എലിലൂടെ ശ്രദ്ധനേടിയ അഭിഷേകിന് ഓപ്പണര്‍ എന്നനിലയ്ക്ക് കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കാനായിട്ടില്ല. അഭിഷേകിനു പകരം തിലക് വര്‍മയെ ഓപ്പണറാക്കുന്നതും മധ്യനിരയില്‍ രമണ്‍ദീപ് സിങ്ങിനെ പരീക്ഷിക്കുന്നതും പരിഗണനയിലുണ്ട്.
വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ് എന്നീ സ്പിന്നര്‍മാര്‍ ആദ്യരണ്ടുമത്സരങ്ങളിലും മികച്ച ബൗളിങ് കാഴ്ചവെച്ചു. കഴിഞ്ഞമത്സരത്തില്‍ 17 റണ്‍സിന് അഞ്ചുവിക്കറ്റ് നേടിയ വരുണ്‍ ഒരുഘട്ടത്തില്‍ കളി ഇന്ത്യക്കനുകൂലമാക്കിയെങ്കിലും അത് വിജയത്തിലെത്തിക്കാന്‍ മറ്റുബൗളര്മാര്ക്ക് കഴിഞ്ഞില്ല. മറുഭാഗത്ത്, അര്‍ഷ്ദീപ് സിങ്ങും ആവേശ് ഖാനും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന പേസ് നിരയില്‍ പൂര്‍ണവിശ്വാസം അര്പ്പിക്കാറായിട്ടില്ല.