വിവാദമായി സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ. ശനിയാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്ന ചോദ്യം ഉൾപ്പെടുത്തിയത്. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.

”കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരത്തെ ഭാര്യാ വിമോചനം ഇല്ലാതാക്കി എന്ന് നിരീക്ഷിക്കാന്‍ ആളുകള്‍ വൈകി. അനുസരണ ശീലത്തില്‍ മാതൃകയാകാന്‍ അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും സാധിച്ചില്ല. പുരുഷനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ ഭാര്യയും അമ്മയും ഇല്ലാതായി,” എന്നര്‍ത്ഥം വരുന്ന പാസേജ് നല്‍കി അതിന് അനുസൃതമായ തലക്കെട്ട് നല്‍കാനാണ് ചോദ്യം.

ഇരുപതാം നൂറ്റാണ്ടില്‍ കുട്ടികള്‍ കുറയാന്‍ കാരണം ഫെമിനിസ്റ്റ് പ്രക്ഷോഭമാണ്. അച്ചടക്കമില്ലായ്മ പ്രശ്‌നമല്ലാതായതോടെ കുടുംബങ്ങളിലെ പാറ്റേണ്‍ ഇല്ലാതായി, എന്നും ചോദ്യപേപ്പറില്‍ പറയുന്നു.സ്ത്രീ – പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം.

ഇതിന് പുറമെ നിരവധി വിവാദ പരാമര്‍ശങ്ങളാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ചില കൗമാരക്കാര്‍ തങ്ങളുടേതായ ലോകത്തില്‍ മാത്രമാണ് ജീവിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പാസേജ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഇതിന് പല ഘടകങ്ങള്‍ കാരണമായി വന്നുവെന്ന് പാസേജില്‍ പരാമര്‍ശിക്കുന്നു.

വീടുകളില്‍ രക്ഷാകര്‍തൃ അധികാരമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ഒരു നൂറ്റാണ്ടു മുമ്പു വരെ ഭര്‍ത്താവായിരുന്നു വീടുകളിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഭാര്യ ഭര്‍ത്താവിനെ അനുസരിച്ച് വന്നു… എന്ന് ചോദ്യ പേപ്പറില്‍ പറയുന്നു.

ചോദ്യപേപ്പറിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. നമ്മള്‍ കുട്ടികളെ ഇതൊക്കെയാണോ പഠിപ്പിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. അല്ലാതെ എന്തിനാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയത്, പ്രിയങ്ക ചോദിച്ചു. വിഷയം സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സിന് വിശദ പരിശോധയ്ക്ക് നല്‍കുമെന്ന് സി.ബി.എസ്.ഇ പി.ആര്‍.ഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *