ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല.

ആഞ്ജനേയ പ്രസാദ് എന്ന് പേരുള്ള പിതാവ് കുവൈറ്റില്‍ നിന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ തന്റെ പ്രവൃത്തികള്‍ വിശദീകരിക്കുകയും കീഴടങ്ങുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു, പീഡനത്തിനിരയായ ഇളയ മകള്‍ ചന്ദ്രകലയുടെ സഹോദരി ലക്ഷ്മിക്കും ഭര്‍ത്താവ് വെങ്കിട്ടരമണനുമൊപ്പമാണ് താമസിച്ചിരുന്നത്. വെങ്കിട്ടരമണയുടെ പിതാവാണ് പ്രതിയായ ഗുട്ട ആഞ്ജനേയുലു. ഇവിടെവെച്ചാണ് കുട്ടി പീഡനത്തിനിരയായത്.

ദമ്പതികളുടെ മകള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന സമയത്ത് പ്രതി മോശമായി പെരുമാറിയ വിവരം പ്രസാദിന്റെ ഭാര്യ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് ചന്ദ്രകല ഒബുലവാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ആഞ്ജനേയുലുവിന് താക്കീത് നല്‍കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

നടപടിയില്ലായ്മയില്‍ അസ്വസ്ഥനായി, പ്രസാദ് 2024 ഡിസംബര്‍ 7-ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് ആഞ്ജനേയുലുവിനെ മരിച്ച നിലയില്‍ കണ്ടെത്തി, പ്രസാദ് കുവൈറ്റിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍, മരണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും തന്റെ മകളുടെ സംരക്ഷണത്തിനായി താന്‍ പ്രവര്‍ത്തിച്ചുവെന്നും പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *