കണ്ണൂർ: ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ സർക്കാരിനെതിരായ വ്യക്തമായ ജനവിധിയാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ കാലം എണ്ണപ്പെട്ടെന്നും, ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയന്റെ ‘കൊള്ള’യ്ക്കുള്ള ജനങ്ങളുടെ മറുപടിയാണ് യുഡിഎഫിന്റെ ഈ മുന്നേറ്റമെന്ന് കെ. സുധാകരൻ പറഞ്ഞു. “ജനമനസ്സിൽ യുഡിഎഫിനോടുള്ള വിശ്വാസം വർധിച്ചു എന്നതിൻ്റെ തെളിവാണ് ഈ വിജയം. തിരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം നടത്തിയ അക്രമങ്ങൾ എല്ലാം നേരിട്ടാണ് ഞങ്ങൾ വിജയം നേടിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫിന് അനുകൂലമായ റിപ്പോർട്ടാണ് ലഭിച്ചത്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഒരു സർക്കാരിൻ്റെ മുഖ്യമന്ത്രി തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഉടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണം എന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ കോർപ്പറേഷനിൽ ഒരു ഡിവിഷൻ പിടിച്ചെടുത്തതടക്കം, കണ്ണൂരിൽ ഇടതുപക്ഷത്തിന് ‘കുറ്റി നാശം’ സംഭവിച്ചിരിക്കുന്നു. ഇവിടെ ഇനി അവർക്ക് തിരിച്ചുവരാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഊർജ്ജം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
