ശ്രദ്ധ വാല്‍ക്കറെ കൊലപ്പെടുത്തിയശേഷം അഫ്താബ് പൂനാവാല ശരീരം കഷണങ്ങളാക്കിയത് അറക്കവാള്‍ ഉപയോഗിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 23 എല്ലിന്‍ കഷ്ണങ്ങളാണ് ദില്ലി പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് കൈമാറിയത്.മേയ് 18ന് മെഹ്‌റൗലിയിലെ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ വച്ച് ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീര ഭാഗങ്ങള്‍ പിന്നീട് ദിവസങ്ങള്‍കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞമാസം നടത്തിയ ഡിഎന്‍എ പരിശോധനയില്‍, കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു.
ഗുരുഗ്രാമിലെ ഒരു കുറ്റിക്കാട്ടിലാണ് ഈ അറക്കവാള്‍ ഉപേക്ഷിച്ചത്. ഇറച്ചി വെട്ടുന്ന കത്തി തെക്കന്‍ ദില്ലിയിലെ ഒരു കുപ്പത്തൊട്ടിയിലാണ് ഉപേക്ഷിച്ചതെന്നും ദില്ലി പൊലീസ് വിശദമാക്കുന്നു. ശ്രദ്ധയുടെ പിതാവിന്‍റെ ഡിഎന്‍എ സാംപിളിംഗ് ചെയ്ത ശേഷമായിരുന്നു എല്ലിന്‍ കഷ്ണങ്ങള്‍ വിശദമായ പരിശോധന നടത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് 18നാണ് ലിവ് ഇന്‍ പങ്കാളി ആയിരുന്ന ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൃതദേഹം അഫ്താബ് 35 കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ആഴ്ചയോളം സ്വന്തം വീട്ടില്‍ സൂക്ഷിച്ച ശേഷം ദിവസങ്ങളെടുത്ത് ദില്ലി നഗരത്തിന്‍റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
