ഐഷ പോറ്റി സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത് വ്യക്തിപരമായി വേദനയുണ്ടാക്കുന്ന തീരുമാനമാണെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. പാർട്ടി തന്നെ അവഗണിച്ചു എന്ന ഐഷയുടെ പരാതി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും, എതിർ പാളയത്തിൽ ചെന്ന് വാർത്തകളിൽ നിറയാൻ മാത്രമുള്ള രാഷ്ട്രീയ വ്യക്തിത്വം അവർക്ക് നൽകിയത് സിപിഐഎം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തെങ്കിലും പരാതികളുണ്ടായിരുന്നെങ്കിൽ അത് പാർട്ടിക്കുള്ളിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. കൊട്ടാരക്കരയിലുണ്ടായ ഈ മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്നും എം.എ. ബേബി തിരുവനന്തപുരത്ത് പറഞ്ഞു.

ഐഷ പോറ്റിയെ പാർട്ടി മൂന്നുതവണ എം.എൽ.എയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും ഉയർത്തിക്കൊണ്ടുവന്നിട്ടും, അവഗണിച്ചു എന്ന ആരോപണം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് എം.എ. ബേബി പറഞ്ഞു. ഐഷ പോറ്റിയുടെ പാർട്ടി മാറ്റം കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ചലനമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം, കേരള കോൺഗ്രസ് (എം) മുന്നണി വിടുമെന്ന അഭ്യൂഹങ്ങളെ തള്ളിയ ബേബി, ജോസ് കെ. മാണി ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയതായും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അദ്ദേഹം അത് തുറന്നുപറയുമെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *