കലോത്സവത്തിന്റെ തിരക്കുകൾക്കിടയിൽ, ആരും അധികം ശ്രദ്ധിക്കാതെ ഹൃദയം തൊടുന്ന ഒരു കാഴ്ചയും ഇത്തവണയും ഉണ്ടായി. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള പ്രത്യാശ ഭവനിലെ അന്തേവാസികൾ ആദ്യമായി കലോത്സവത്തിന്റെ നിറക്കാഴ്ചകൾ നേരിട്ട് അനുഭവിച്ചു. റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ അവരെ കണ്ട് വിശേഷങ്ങൾ തിരക്കി.
‘തിരികെ’ എന്ന പ്രൊജക്റ്റിന്റെ ഭാഗമായി ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് ഇരുപതോളം അന്തേവാസികളെ കലോത്സവ വേദികളിലെത്തിച്ചത്. ജീവിതത്തിന്റെ വലിയൊരു ഭാഗം ഒറ്റപ്പെടലിലും മറവിയിലും ചെലവഴിച്ച ഇവർക്കായി, കലോത്സവം ഒരു പുതുമയുള്ള ലോകം തുറന്നുതന്നു. വേദികളിലെ സംഗീതവും നൃത്തവും നിറഞ്ഞ കാഴ്ചകൾ അവർക്കിടയിൽ അത്ഭുതവും സന്തോഷവും ഒരേസമയം വന്നു.
ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു എം എസ്, ക്ലസ്റ്റർ കൺവീനർ തോമസ് എ എ, പ്രത്യാശ ഭവനിലെ ജീവനക്കാർ, വിദ്യാലയത്തിലെ എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
