കോഴിക്കോട്: ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിൻ്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ (22വയസ്സ്) കത്തിക്കാനായി നിർദ്ദേശം കൊടുത്ത ചെറുവണ്ണൂർ കണ്ണാട്ടികുളം ഊട്ടുകളത്തിൽ സജിത്ത് (34വയസ്സ്) എന്നിവരെ ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ ബൈജു ഐ പി എ സിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പെക്ടർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏകദേശം 12 മണി സമയത്ത് ഒരാൾ വീട്ടുവളപ്പിൽ മൂന്ന് കുപ്പികളിൽ പെട്രോളുമായി കയറുന്നതും കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി പോകുന്നതുമായ ദൃശ്യങ്ങൾ സിസിടിവി യിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ പ്രായമായ അമ്മ ഉൾപ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുക്കാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

തുടർന്ന് സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ പി എസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു. സുൽത്താനെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തൻ്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുൽത്താനെ സാഹസികമായി പിടികൂടുകയുമായിരുന്നു.

നല്ലളം പോലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ സജിത്തിൻ്റെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതിൽ സുഹൃത്തിനെ സ്വത്ത് തർക്കത്തിൻ്റെ പേരിൽ മർദ്ധിച്ചതിൻ്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുൽത്താനെ ഏൽപ്പിച്ചതെന്ന് പോലീസിനോട് പറഞ്ഞു.സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടി കൂടാൻ പോലീസിന് കഴിഞ്ഞു.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ എ.എം സിദ്ധിഖ് പറഞ്ഞു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സിവിൽ പോലീസ് ഓഫീസർ എ.കെ അർജ്ജുൻ നല്ലളം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ എം.കെ രഞ്ജിത്ത്, എം രവി, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. തഹ്സിം, രഞ്ജിത്ത്,ഡ്രൈവർ സിപിഒ അരുൺ ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *