ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ ആശങ്ക പരസ്യമാക്കി. കേസിലെ നിലവിലെ അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ കേരളസമൂഹത്തിന് വലിയ ഉത്കണ്ഠയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരീക്ഷണങ്ങൾ കോടതിയുടെ മാത്രം അഭിപ്രായമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. എസ്ഐടി അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചുമതല മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്നും ഓരോ ചാനലുകളും ഓരോരുത്തരെ സ്ഥാനാർത്ഥികളായി വാഴിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പരിഹസിച്ചു. അടൂർ ഉൾപ്പെടെയുള്ള ഒരിടത്തും നിലവിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ലെന്നും ആർക്കും സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *