ബം​ഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ വൻതോതിൽ കൂട്ടംചേരുന്നതാണ് കൊവിഡ് വർദ്ധനവിന്റെ പ്രധാന കാരണമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ പൊതുറാലികളിൽ വൻജനാവലിയാണ് കാണപ്പെടുന്നത്. പശ്ചിമബം​ഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നാലുഘട്ടം പൂർത്തിയായി അഞ്ചാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വളരെ വിപുലമായ പ്രചാരണ റാലികളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ് സംസ്ഥാനത്ത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണെന്ന് പറയാം.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് കാണിച്ചിരിക്കുന്ന മഹാരാഷ്ട്രയ്ക്ക് പുറകിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊവിഡ് മരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമ ബം​ഗാൾ.1.7 ശതമാനമണ് ഇവിടത്തെ കൊവിഡ് മരണനിരക്ക്. ദേശീയ ശരാശരി 1.3 ശതമാനമാണ്. സമാനമായ കണക്കാണിത്. രോ​ഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രക്ക് പിന്നിലാണെങ്കിലും മരണനിരക്ക് ബം​ഗാളിൽ രൂക്ഷമാണ്. ഇക്കാര്യത്തിൽ പഞ്ചാബിനും സിക്കിമിനും പിന്നില്‍ ബംഗാളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബം​ഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്ക് കുതിച്ചുയർന്നിട്ടുണ്ട്. അഖിലേന്ത്യാ ശരാശരി 5.2 ശതമാനമാണെന്നിരിക്കെ ബം​ഗാളിലെ പോസിറ്റിവിറ്റി റേറ്റ് 6.5 ശതമാനമാണ്. അയൽ സംസ്ഥനങ്ങളായ ബീഹാർ, ഝാർഖണ്ഡ്, ഒഡീഷ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞമാസം പുതിയ കൊവിഡ് രോ​ഗികളുടെ എണ്ണം അസാമാന്യമാം വിധത്തിൽ കുതിച്ചുയർന്ന കാഴ്ചയാണ് ബം​ഗാളിൽ കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *