ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്ത് ഗോതമ്പിന്റെ കയറ്റുമതി തൽകാലം നിരോധിച്ച് ഇന്ത്യ. മെയ് 13 മുതൽ എല്ലാത്തരം ഗോതമ്പിന്റെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഇതിനകം കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ലെന്നും മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. ഗോതമ്പിനെ കൂടാതെ ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
. .
ഗോതമ്പിന്റെ രാജ്യാന്തര 40 ശതമാനത്തോളം വർധനവാണ് റഷ്യ- യുക്രൈൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചു. ഡിമാൻഡ് വർധിച്ചതിനാൽ പ്രാദേശിക തലത്തിൽ ഗോതമ്പിന്റെയും മൈദയുടെയും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്
ധാന്യ വില കൂടിയിട്ടും കേന്ദ്ര സർക്കാർ കയറ്റുമതി തുടരുന്നതിൽ പല ഭാഗത്ത് നിന്നും പ്രതിഷേധമുയർന്നിരുന്നു . കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമർശനം.
