നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടുനിന്നു.ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതായാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് രാഹുൽ ഇഡി ഓഫിസിൽ ഹാജരായത്. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ പിന്നിട്ടതിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിയിരുന്നു. സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫിസിലേക്കു മടങ്ങി.
നേതാക്കളെ പൊലീസ് മർദ്ദിച്ചതായും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെടെ നാല് മുതിർന്ന നേതാക്കൾക്ക് പരുക്കേറ്റതായും കോൺഗ്രസ് ആരോപിച്ചു. മുതിർന്ന നേതാവ് പി. ചിദംബരത്തിന്റെ ഇടതു വാരിയെല്ല് ഒടിഞ്ഞു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യംഗ് ഇന്ത്യയുടെ ഉടമസ്ഥാവകാശം ഗാന്ധി കുടുംബത്തെക്കുറിച്ചും നാഷണൽ ഹെറാൾഡ് പത്രം നടത്തുന്ന കമ്പനിയായ അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ഓഹരിയെക്കുറിച്ചും അദ്ദേഹത്തോട് ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. 2010-ൽ എജെഎൽ യംഗ് ഇന്ത്യ ഏറ്റെടുത്ത സാഹചര്യത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചതായാണ് വിവരം.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ജൂൺ രണ്ടിനാണ് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത്. രാഹുൽ വിദേശത്തായതിനാൽ ജൂൺ 13ലേക്ക് സമയം നീട്ടി നൽകുകയായിരുന്നു. ഈ മാസം 23 ന് സോണിയ ഗാന്ധിയുടെ മൊഴിയെടുക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
പാർട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.