ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡ്മിനിസ്‌ട്രേഷന്റെ വാദത്തെ അംഗീകരിച്ച് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടെന്നുള്ള ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പില്ലെന്നും ലോക്ക്ഡൗണ്‍ സമയത്തെ ഭരണകൂടത്തിന്റെ ഇടപെടല്‍ തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു.
ഈ പശ്ചാത്തലത്തില്‍ ഹര്‍ജിക്കാരന്‍റെ ആവശ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ കെ നാസിഹ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രദേശത്തെ 80 ശതമാനത്തിലധികം ആളുകളും ജോലിക്ക് പോകാനോ ഉപജീവനം കണ്ടെത്താനോ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ഈ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ലക്ഷദ്വീപില്‍ യാതൊരു ഭക്ഷ്യപ്രതിസന്ധിയുമില്ലെന്നായിരുന്നു അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണം. ലോക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ദ്വീപില്‍ 39 ന്യായവില കടകള്‍ തുറന്നിരിക്കുന്നുണ്ട്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മൂന്ന് മണിക്കൂര്‍ വീതവും തുറക്കുന്നുണ്ട്. മത്സബന്ധനമടക്കമുള്ള തൊഴിലുകള്‍ക്ക് നിലവില്‍ തടസമില്ലെന്നും ലക്ഷദ്വീപില്‍ ആരും വിശന്നിരിക്കുന്നില്ലെന്നും അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.