ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അദ്ധ്യാപകന്റെ മര്‍ദനമേറ്റ ദളിത് സമുദായത്തില്‍പ്പെട്ട ഒമ്പത് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയ്ക്ക് സമീപം സുരാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ചൈല്‍ സിംഗിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ജൂലായ് 20നാണ് ഇന്ദ്രനെ അദ്ധ്യാപകനായ ചൈല്‍ സിംഗ് മര്‍ദ്ദിച്ചത്. ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ തൊട്ടതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഇന്ദ്രനെ ജാതി വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. തലയ്ക്കും ചെവിക്കും സാരമായി പരിക്കേറ്റ ഇന്ദ്രന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ചൈല്‍ സിംഗിനെ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി.

സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഞെട്ടല്‍ രേഖപ്പെടുത്തി. വിദ്യാര്‍ഥിയുടെ കുടുംബത്തിന് പരമാവധി വേഗത്തില്‍ നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസനിധിയില്‍നിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *