മലപ്പുറം: ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇദ്ദേഹം. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിൻറെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ചതാണ് കേസ്.ത മിഴ്നാട്ടിലെ ഡിണ്ടിഗൽ വേദ സന്തൂരിലെ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസിൽ ഇയാളെ ഡിണ്ടിഗൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് പൊലീസുമായി പൊന്നാനി സി.ഐ ബന്ധപ്പെട്ടാണ് ഇയാളെ പൊന്നാനിയിലെത്തിച്ചത്.

മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങൾക്ക് സംഭാവന ചെയ്യാറാണ പതിവ് എന്നത് ഇയാൾ പൊലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യലിൽ മമ്പുറം മഖാം, പാണ്ടിക്കാട് മദ്രസ കമ്മിറ്റി ഓഫിസ്, ആലപ്പുഴയിലെ അമ്പലപ്പുഴ മദ്രസ എന്നിവിടങ്ങളിൽ ഉൾപ്പെടെ 20ഓളം സ്ഥലങ്ങളിൽ മോഷണം നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.സി.സി.ടി.വി സ്ഥാപിച്ച ഇടങ്ങളിൽ ദൃശ്യങ്ങൾ മറക്കാതെയാണ് പ്രതി മോഷണം നടത്തിയിരുന്നത്. മോഷണക്കേസിൽ രണ്ട് തവണ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി ഡിണ്ടിഗൽ ജയിലിൽ റിമാൻഡ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *