എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്രസർക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി സെപ്റ്റംബർ 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സംസ്കാരച്ചടങ്ങുകൾ.എഡിന്‍ബര്‍ഗില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം ലണ്ടനിലെത്തിച്ചത്. നിലവില്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു. ഏഴു പതിറ്റാണ്ടു കാലം ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞി(96) സെപ്തംബര്‍ 8നാണ് അന്തരിച്ചത്.
ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സെപ്റ്റംബർ 12ന് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനിൽ എത്തിയിരുന്നു. സെപ്റ്റംബർ 11ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണവും നടത്തിയിരുന്നു .