ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാന യാത്രക്ക് മുന്‍പായി ഡല്‍ഹിയിലെ ഏകെജി ഭവനിലെത്തി. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എംഎ ബേബി തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. പ്രിയസുഹൃത്തും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന പ്രകാശ് കാരാട്ട് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. വൈകീട്ട് മൂന്ന് മണിവരെ എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിരവധി നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കും.
രാവിലെ ഒന്‍പതരമണിയോടെയാണ് യെച്ചൂരിയുടെ മൃതദേഹം വീട്ടില്‍ നിന്ന് പൊതുദര്‍ശനത്തിനായി എകെജി ഭവനിലേക്ക് കൊണ്ടുവന്നത്. സിപിഎം ഓഫീസിലെ മുന്നില്‍ തയ്യാറാക്കിയ വേദിയിലാണ് മൃതദേഹം പൊതുദര്‍ശനം ഒരുക്കിയത്. വീട്ടില്‍ നിന്നും എകെജി ഭവനിലേക്കുള്ള യാത്രയില്‍ മൃതദേഹത്തിനൊപ്പം ഭാര്യ സീമ ചസ്തി, വൃന്ദാകാരാട്ട്, ബിജു കൃഷ്ണന്‍ തുടങ്ങിയ നേതാക്കളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്കു കൈമാറും.