തിരുവനന്തപുരം: ‘അക്ഷരക്കൂട്ട്’ എന്ന പേരിൽ കുട്ടികളുടെ സാഹിത്യോത്സവം ഈ മാസം18, 19 തീയതികളിൽ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനമാണ് പരിപാടിയുടെ പ്രധാന ആകർഷണം.
ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എഡിറ്റ് ചെയ്ത് ‘കുരുന്നെഴുത്തുകൾ’ എന്ന പേരിൽ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഈ അനുഭവത്തിൽ നിന്നുള്ള പ്രചോദനമാണ് കുട്ടികളുടെ സംസ്ഥാനതല പുസ്തകോത്സവം എന്ന ആശയത്തിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി. സാഹിത്യരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക, അവർക്ക് ദിശാബോധം നൽകുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ ക്ലാസുകളിലെ 137 വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ഒന്നിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള കുട്ടികൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയം, ജവഹർ ബാലഭവൻ, മൺവിള എ.സി.എസ്.റ്റി.ഐ എന്നിവിടങ്ങളാണ് സാഹിത്യോത്സവത്തിന് വേദിയാകുന്നത്.
കുട്ടി എഴുത്തുകാർക്കായി വിവിധ വിഷയങ്ങളിൽ ശിൽപശാലകളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. പ്രമുഖ എഴുത്തുകാരുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടത്താനും കലാപരിപാടികൾ അവതരിപ്പിക്കാനും പ്രത്യേക വേദി ഒരുക്കും. കുട്ടി എഴുത്തുകാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. രണ്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 140 ഓളം വിദ്യാർത്ഥികൾ സാഹിത്യോത്സവത്തിൽ മുഴുവൻ സമയ പങ്കാളികളാകും.
എഴുത്തുകാരായ വിദ്യാർത്ഥികളെ കൂടാതെ, സാഹിത്യത്തിൽ താല്പര്യമുള്ള മറ്റ് കുട്ടികൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടികളിൽ പങ്കെടുക്കാം. ഇതിനായി അക്ഷരക്കൂട്ട് ഡോട്ട് ഐഎൻ എന്ന പേരിൽ ഒരു പ്രത്യേക പോർട്ടൽ തയ്യാറാക്കുന്നുണ്ട്. സെപ്റ്റംബർ 18ന് കനകക്കുന്നിൽ വെച്ച് നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. കുട്ടികളുടെ പുസ്തകങ്ങൾ അധ്യാപകർ വായിച്ച് വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തിയശേഷം, വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് മെന്റർ ടീച്ചർമാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും എന്നതാണ് അക്ഷരകൂട്ട് സാഹിത്യോത്സവത്തിന്റെ പ്രത്യേകത.
ഈ പുസ്തകങ്ങളുടെ വിശകലനം പിന്നീട് പൊതുവേദിയിൽ എഴുത്തുകാരായ അധ്യാപകർ അവതരിപ്പിക്കും. രാവിലെ 10 മുതൽ വൈകീട്ട് 6 വരെ പ്രദർശനം ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കും, അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഇത് കാണാനുള്ള അവസരം ഉണ്ടാകും. എല്ലാ നിയമസഭാ സാമാജികരെയും പ്രദർശനം കാണാൻ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.
മൺവിളയിലുള്ള അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കുട്ടികളുടെ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു
