ആര്യനൊപ്പം കപ്പലില്‍ സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവിക്കായി മഹാരാഷ്ട്ര പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾക്കെതിരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ ഒൻപത് സ്വതന്ത്ര സാക്ഷികളിൽ ഒരാൾ കൂടിയാണ് ഗോസാവി.
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ഫോട്ടോ വൈറലായത്. ആര്യനൊപ്പം സെല്‍ഫി എടുത്ത എന്‍സിബി അംഗം എന്ന പേരിലായിരുന്നു ഫോട്ടോ പ്രചരിച്ചത്. ഗോസാവി എന്‍സിബി ഉദ്രോഗസ്ഥനല്ലെന്ന് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോസാവി എങ്ങനെ എന്‍സിബി ഓഫീസിലെത്തിയത് എന്നത് സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നത്. സെല്‍ഫി വൈറലാവുകയും വിവാദം കൊടുമ്പിരി കൊള്ളുകയും ചെയ്തതിന് പിന്നാലെയാണ് പൂനെ സിറ്റി പൊലീസ് കിരണ്‍ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
2018ല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ ഫരസ്ഖാന പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നെന്നും പുണെ എസ്പി അമിതാഭ് ഗുപ്ത പറഞ്ഞു. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ചിന്മയ് ദേശ്മുഖ് എന്നയാളില്‍ നിന്ന് 3.09 ലക്ഷം തട്ടിയത്.
