ന്യൂ ഡൽഹി: ജന്തർ മന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ച സിജെപി നേതാക്കളെ ജയിലിലടച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും, അതിന് യുവാക്കളെ തടവിലിടുന്നത് സർക്കാരിന്റെ ഭീരുത്വമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

പ്രതിഷേധത്തിനിടെ അതിക്രമിച്ചുകടക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം പുറത്തുവന്നത്. വിദ്യാർത്ഥികളും യുവാക്കളും മാധ്യമപ്രവർത്തകരും ‘ഇന്ത്യ’ സഖ്യവും വ്യത്യസ്ത ബാനറുകളിലാണെങ്കിലും ലക്ഷ്യം ഒന്നാണെന്നും, ഭരണഘടനാവകാശങ്ങൾക്കായുള്ള ഈ പോരാട്ടം ഒന്നിച്ച് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തർ ഭാരതത്തിലെ ജനങ്ങൾക്കുള്ളതാണെന്നും അത് ഞങ്ങൾ തിരിച്ചുപിടിക്കുകതന്നെ ചെയ്യുചെയ്യുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്റ്റിലായ മറ്റൊരു നേതാവായ അജിൻക്യ ഷിൻഡെയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നതിനിടെ ഡൽഹി പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും കനത്ത സുരക്ഷാവലയം ഭേദിച്ചാണ് പ്രവർത്തകർ ജന്തർമന്തറിൽ എത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *