പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്സോയുടെ പരിധിയിൽ വരില്ലെന്ന് ദില്ലി ഹൈക്കോടതി.17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പ്രതി ചേർക്കപ്പെട്ടയാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതി വിധി.ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു.ഇര പ്രായപൂർത്തിയാകാത്ത ആളാണെങ്കിലും അവളുടെ സമ്മതത്തിന് നിയമപരമായ യാതൊരു സാധ്യത ഇല്ലെങ്കിലും ഓരോ കേസിന്‍‌റെയും സാഹചര്യങ്ങളും വസ്തുതകളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ദില്ലി സ്വദേശിയായ പതിനേഴു വയസുകാരിയെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ച് അയച്ചു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ ആയിരുന്നില്ല വിവാഹം. മറ്റൊരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് 2021 ഒക്ടോബറിൽ കാമുകനായ യുവാവിനൊപ്പം പെണ്‍കുട്ടി വീടുവിട്ടു. പഞ്ചാബിലേക്കാണ് ഇരുവരും പോയത്. അവിടെ വെച്ച് ഇരുവരും വിവാഹിതരായി.

ഇതിന് പിന്നാലെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.സ്വയേഷ്ടപ്രകാരമാണ് താൻ പ്രതി ചേർക്കപ്പെട്ടയാളെ വിവാഹം കഴിച്ചതെന്ന് കുട്ടി കോടതിയെ അറിയിച്ചു. അയാൾക്കൊപ്പം കഴിയാനാണ് താത്പര്യമെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കൾ തന്നെയും ഭർത്താവിനെയും അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കാട്ടി കുട്ടി നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *