ബെം​ഗളൂരു:കർണാടകയിൽ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിലപാട് മാറ്റി കോൺഗ്രസ് സർക്കാർ. സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടേതാണ് ഇപ്പോഴത്തെ തീരുമാനം. ബിജെപി സർക്കാർ അധികാരത്തിലിരിക്കെ ഹിജാബ് നിയമം കൊണ്ടുവന്നാണ് നിരോധിച്ചത്. ഈ നിയമം സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇത് സഭയിൽ ബില്ല് അവതരിപ്പിച്ച് വേണം പിൻവലിക്കാൻ.നിയമം പ്രാബല്യത്തിൽ നിൽക്കെ ഹിജാബ് മത്സര പരീക്ഷകളിൽ അനുവദിച്ചാൽ അത് തിരിച്ചടിയാകുമോയെന്ന് സംശയം ഉയർന്നതിനാലാണ് നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്. ഹിജാബ് എന്ന് പ്രത്യേകം പറയാതെ തലമറക്കുന്ന ഒരു വസ്ത്രവും അനുവദിക്കില്ലെന്നാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവയും പാടില്ലെന്ന് ഉത്തരവിലുണ്ട്. സംസ്ഥാനത്ത് ഹിജാബ് നിരോധനം എടുത്തുകളയുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *